
ആമുഖം
യാത്ര ചെയ്യുക എന്ന വിസ്മയം എന്നുമുതൽക്കാണ് എന്റെ ഉള്ളിൽ കടന്നുകൂടിയതെന്ന് അറിയില്ല.. ഒരുപക്ഷേ ആദ്യമായിട്ട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ ടൂർ പോയപ്പോഴാകണം. ഇന്നും മറക്കാതെ ഓർമയായി എൻ്റെ ഉള്ളിൽ ഓരോ ചുവടുകളും തങ്ങി നിൽപ്പുണ്ട്. യാത്ര തരുന്ന ഓർമ്മകൾ അത് എത്ര കാഠിന്യം ഉള്ളതാണെങ്കിലും മധുരം ഉള്ളതാണെങ്കിലും അത് ആസ്വദിക്കാനുള്ള എന്റെ രക്തത്തിലെ ഭ്രമം എവിടെ നിന്ന് ഉത്ഭവിച്ചു എന്നെനിക്കറിയില്ല. വീട്ടിൽ നിന്നും ഒരു ഭാണ്ഡകെട്ടുമായിട്ട് പുറത്തേക്കിറങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം എന്റെ ഉള്ളിൽ നിറയാറുണ്ട്. ഒരു പക്ഷേ എല്ലാവരെയും പിരിഞ്ഞു നിൽക്കാൻ പോകുന്നു എന്നുള്ള ഒരു തോന്നൽ ആവാം, അതോ സുരക്ഷിതവും സ്വസ്ഥവുമായ ഒരു സ്ഥലത്തു നിന്നും ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരെയും, പ്രകൃതിയെയും അടുത്തറിയാൻ പോകുന്നതുകൊണ്ടോ?അപ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ട് എന്തിനാണ് ഞാൻ ഇപ്പൊൾ പോകുന്നത്. അന്നും ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ഒരുപക്ഷേ ഈ യാത്രയുടെ ഇന്ധനം ഇതെല്ലാമാവാം.
പണ്ടെങ്ങോ വായിച്ചു മറന്ന ഒരു പുസ്തകത്തിലെ വരികൾ ഇങ്ങനെയാണ്.
“ഓരോ യാത്രയും എന്റെ മനസ്സ് അത് ഹിമപർവ്വതശിരസ്സിലേക്ക് കയറിപ്പോകുന്നു ചിലപ്പോൾ അത് പുഴ മുറിച്ചുകടക്കാൻ ശ്രമിക്കുന്നു ചിലപ്പോൾ മണൽ കാടുകൾ താണ്ടി മറയുന്നു. ജനപതബഹളങ്ങളിലൂളിയിടുകയും വനവഴികളിലുടലയുകയും ചെയ്യുന്നു.സംസ്കാരങ്ങൾ പിറന്നു,പുലർന്നു,കൊഴിഞ്ഞ ഭൂമികളിലൂടെയും, മഹാ ക്ഷേത്ര തീർത്ഥങ്ങളിലൂടെ ആ യാത്ര നീളുന്നു.”
ഞാൻ ഇപ്പോൾ യാത്ര ചെയ്യാൻ തിരഞ്ഞെടുത്ത ഈ വിശ്വപ്രസിദ്ധമായ സ്ഥലം “ബദ്രിനാഥ്” ചിലരെയെങ്കിലും ചിന്തിപ്പിച്ചിട്ടുണ്ടാവണം ഞാൻ ഒരു തികഞ്ഞ വിശ്വാസിയാണെന്. ഒന്നുമാത്രം, എതു തീർത്ഥാടന കേന്ദ്രമോ അല്ലെങ്കിൽ മറ്റുപല ഉല്ലാസ കേന്ദ്രങ്ങളോ ആയാലും അവിടുത്തെ ആചാരങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. നമ്മൾ പോകുന്നിടം നമ്മുക്കയോജ്യമായ രീതിയികൾ ആക്കിയെടുക്കുന്നതിനെക്കാൾ നല്ലത് അവിടമായിട്ട് പൊരുത്തപ്പെട്ടു പോകുന്നത് തന്നെയാണ്.

11/11/2022
ഇന്നാണ് ആ ദിവസം ഒരുപാട് നാളുകളായി പോകണമെന്ന് ആഗ്രഹിച്ച ഒരു സ്ഥലം. വീഡിയോകളിൽ മാത്രം കണ്ടു വന്നിരുന്ന ബദ്രിനാഥ്. തലേ ദിവസം റയിൽവേസ്റ്റേഷനിൽ കാത്തു നിന്നാണ് tatkal ടിക്കറ്റിനുള്ള ടോക്കൺ എടുക്കുന്നത്. ഇന്ന് സ്റ്റേഷനിൽ തന്നെ ഉറക്കവും എല്ലാം. പോകാനുള്ള ടിക്കറ്റ് കിട്ടുന്നതുവരെ ഒരു ടെൻഷനാണ്, എന്നാൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പോകാതിരിക്കുമോ? ഇല്ല, എങ്ങനെയെങ്കിലും പോകും. അതാണ് യാത്ര നൽകുന്ന ഒരു ഇന്ധനം.
മിക്ക യാത്രകളിലും എന്റെ കുടെ ശ്രീരാജ് അണ്ണൻ കാണാറുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് യാത്രകൾ എല്ലാം പ്ലാൻ ചെയ്യുന്നതും പോകുന്നതും. ഇത്തവണ ഞങ്ങൾ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ ഒരാൾ മാത്രമാണ് നമുക്ക് മുൻപിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ ഉണ്ടാവില്ല. ഇന്നിവിടെത്തന്നെ ഉറക്കം, റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും എല്ലാം ഉറങ്ങി ശീലമായിട്ട് കുറച്ചു നാളുകളായി.
പുസ്തകം വായിക്കുന്ന ശീലം ഈ അടുത്തിടെയായിട്ടാണ് ഞാൻ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും യാത്രകളിൽ ഒരു പുസ്തകം ഞാൻ കയ്യിൽ കരുതാറുണ്ട്. വിശ്വപ്രസിദ്ധ സഞ്ചാരി പീറ്റർ മാത്തിസൺ പുസ്തകം വായിക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു. ഓരോ സഞ്ചാരികളും വായിച്ചിരിക്കേണ്ടുന്ന പുസ്തകമാണ്. അദ്ദേഹം തൻ്റെ ഹിമാലയ യാത്ര വിവരിക്കുമ്പോൾ “എന്തിനീ യാത്ര” എന്ന് ഇടക്കിടക്ക് ചോദിക്കാറുണ്ടത്രേ..
നമുക്ക് പോകേണ്ടുന്ന ട്രെയിൻ “yoga nagari Rishikesh superfast express (22659). വളരെ നാളുകളായിട്ട് ഈ യാത്രയെ കുറിച്ചുള്ള ഒരു റിസേർച്ചിൽ ആയിരുന്നു. അതുകൊണ്ട് തന്നെ പോകാനുള്ള സ്ഥലം,കൊണ്ട് പോകേണ്ടുന്ന സാധനങ്ങൾ ഇതിനെല്ലാം ഒരു ചെറിയ ലിസ്റ്റ് ഉണ്ട്. ഇതെല്ലം ആലോചിച്ച് ഇരികുമ്പോഴാണ് പ്ലാറ്റ്ഫോർമിൽ കുറച്ചുനേരമായി ഒരു ട്രെയിൻ നിറുത്തിയിട്ടിരിക്കുന്നത് ശ്രെദ്ധയിൽ പെട്ടത്. അടുത്ത ചെന്ന് അതിന്റെ പേര് നോക്കിയപ്പോ ഞെട്ടിപോയി “yoga nagari Rishikesh superfast express (22659). നാളെ കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ടുന്ന ട്രെയിൻ എന്താ ഇവിടെ പരവൂർ കിടക്കുന്നത്. നമ്മൾ പോകേണ്ടുന്ന ട്രെയിൻ കണ്ടപ്പോൾ കുറച്ചുകൂടി ആവേശമായി. ഇതെല്ലാം ഓർത്തു അവിടെ കിടന്നുറങ്ങി രാവിലെ സമയം 7 ആയപ്പോൾ തന്നെ ടോക്കൺ കിട്ടി, Tocken No:- 1. ഇനി ഒന്നും ഭയപ്പെടാനില്ല നാളെ രാവിലെ 10 മണിക്ക് കൊല്ലത്തു നിന്നും ട്രെയിനിൽ കയറിയാൽ മാത്രം മതി.

ആ ദിനം
രാവിലെ കൃത്യം 10:08 ആയപ്പോൾ തന്നെ ട്രെയിൻ വന്നു. ട്രെയിനിനുള്ളിൽ കയറിയപ്പോൾ ഉണ്ടായ ഒരു സന്തോഷം ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്. ഞാൻ സ്വപ്നം കണ്ടിരുന്ന ഹിമാലയത്തിലേക്ക് ഒരു യാത്ര.
രാത്രി 10:00 മണി കഴിഞ്ഞപ്പോൾ മംഗളൂരു എത്തി. രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ കേട്ടുകേൾവി പോലുമില്ലാത്ത ദേശത്തായിരിക്കും. ഇനിയും ഉണ്ട് ഒരുപാട് ദൂരം പോകുവാൻ. എന്നാലും ഞാൻ ട്രെയിൻ പോകുന്നതിന്റെ റൂട്ട് മാപ് നോക്കി. ഇന്ത്യയുടെ 10 സംസ്ഥാനങ്ങളിലൂടെയുള്ള ഒരു യാത്ര. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്. അപ്പോൾ ഇനി ഇവിടെയെല്ലാം പോകണമെങ്കിൽ ഈ ട്രെയിൻ ധാരാളം.
രണ്ടാം ദിവസം വൈകിട്ട് 3:30 ആയപ്പോൾ ഗുജറാത്തിലെ സൂറത്തിൽ എത്തി. എന്താണെന്നറിയില്ല സൂററ്റ് എത്തിയപ്പോൾ മുൻപെങ്ങോ കണ്ടുമറന്ന ഒരു സ്ഥലം പോലെ. പരിചിതമായ സ്ഥലം . എന്തായാലും അടുത്തപ്പോഴെങ്കിലും സൂറത്തിൽ വരണമെന്ന് തീരുമാനിച്ചു.
കയ്യിലുണ്ടായിരുന്ന പുസ്തകങ്ങൾ വായിച്ചും, വീഡിയോ എടുത്തും, തമാശകൾ പറഞ്ഞും രണ്ടു ദിവസം തള്ളിനീക്കി. പലതരത്തിലുള്ള ആളുകളും, ആഹാരവും, ഗന്ധവും, നമുക്ക് മുൻപിലൂടെ കൊഴിഞ്ഞുപോയ്ക്കണ്ടേയിരുന്നു.
മൂന്നാം ദിനം ആയപ്പോൾ ഇന്ത്യൻ റെയിൽവേ നമുക്ക് പണി തന്നു തുടങ്ങി. ശൌചാലയം തന്നെ. ഒരു മാറ്റവുമില്ലാത്ത ഇന്ത്യൻ റെയിൽവേ. ഞാൻ കണ്ട കാഴ്ചകൾ ഇവിടെ എഴുതാൻ കഴിയില്ല. കാരണം അതെഴുതിയാൽ ഇത് നിങ്ങൾക്ക് മുൻപോട്ട് വായിച്ചുപോകാൻ സാധിക്കില്ല. അതുകൊണ്ട് ആ കാഴ്ചകൾ നിങ്ങളുടെ ചിന്തകൾക്ക് വിട്ടു തന്നിരിക്കുന്നു.
ഇപ്പോൾ സമയം 8:00 am ഋഷികേശ് എതാൻ 7 മണിക്കൂർ യാത്രയുണ്ട്. ചെറിയതോതിലുള്ള ഹിമശൈത്യത്തിൻ്റെ മരവിപ്പിൽ ഞാൻ വാതിൽക്കൽ പോയി നിന്ന്. മൂന്നാർ പോകുമ്പോൾ ഇതേ തണുപ്പാണ്. സഹിക്കാവുന്ന തണുപ് ആണിതെന്ന ബോധ്യം ബദരീനാഥ് എത്തിയപ്പോൾ മാത്രമാണ് മനസിലായത്.
ഋഷികേശ് എത്താറാകുമ്പോൾ ട്രെയിൻ ഒരു കാടിനുള്ളിൽ കുടി കടന്നുപോകും. ഇരുവശങ്ങളിലുമായി ഇലക്ട്രിക്ക് ഫെന്സിങ്ങോടുകൂടിയ കാടുകൾ. പലതരത്തിലുള്ള പക്ഷികളെയും കണ്ട ട്രെയിൻ മുൻപോട്ട് നീങ്ങി പോവുകയാണ്. അത്രയ്ക്കൊന്നും വേഗതയില്ല അതുകൊണ്ട് തന്നെ കാടിനെ നന്നായിട്ട് ആസ്വദിക്കാൻ കഴിയും.എത്ര മനോഹരമായിട്ടാണ് ആ കാടുകൾ നിലനിൽക്കുന്നത്. ഒന്നോ രണ്ടോ കുരങ്ങന്മാർ ഒഴിച്ചാൽ മറ്റു മൃഗങ്ങളെയൊന്നും കാണാൻ സാധിച്ചില്ല. ഒരുപക്ഷേ ട്രെയിൻ പോകുന്നതിന്റെ ശബ്ദം അവരെ അസ്വസ്ഥരാക്കുന്നുണ്ടാവണം. അങ്ങനെ മണിക്കൂറുകൾ കടന്നു ട്രെയിൻ യോഗ നഗരി ഋഷികേശ് എന്ന അതി നൂതനമായ റയിൽവേസ്റ്റേഷന്റെ ഉള്ളിലേക്ക് കടന്നു. തികച്ചും എന്നെ അത്ഭുതപ്പെടുത്തിയ റയിൽവേ സ്റ്റേഷൻ. അപ്പോൾ നമ്മുടെ ഇന്ത്യക്ക് ഇത്രയും നന്നായിട്ട് പരിപാലിക്കാൻ അറിയാവുന്ന ഒരു റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ സാദിക്കും. എന്റെ ചിന്തകളിൽ ഉണ്ടായിരുന്ന സ്റ്റേഷനെ അല്ല. വൃത്തിയും അതിലുപരി ആ നിർമാണ ശൈലിയും, എല്ലാം തന്നെ മനസിനെ പിടിച്ചുനിറുത്തുന്നതാണ്.

ഒരു അന്താരാഷ്ട്ര വിമാനത്താവളം പോലെ വൃത്തിയുള്ള ടൈലുകൾ, ലൈറ്റുകൾ, പാളങ്ങൾ, ഫാനുകൾ, ടോയ്ലെറ്റുകൾ അങ്ങനെ പലതും. ഇത് അധികനാൾ ഇവിടെ കാണാൻ സാധിക്കുമോ എന്നെനിക്കു സംശയമാണ്.
ട്രെയിനിൽ നിന്നുമിറങ്ങി ഞാൻ റെയിൽവേ സ്റ്റേഷന്റെ എക്സിറ്റ് ലക്ഷ്യമാക്കി നടന്നു. പുറത്തു എത്തിയ എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റനേകം കാഴ്ചകളായിരുന്നു കാത്തിരുന്നത്. സ്റ്റേഷൻ കവാടത്തിനു മുൻപിൽ അതി മനോഹരമായ ഒരു ഉദ്യാനം. ആ ഉദ്യാനത്തിന് നടുവിലായിട്ട് കണ്ണുകൾ അടച്ച് ധ്യനനിരതനായി ഇരിക്കുന്ന ഭീമാകാരനായ ശിവന്റെ പ്രതിമ. ശിവൻ ഉണ്ടെങ്കിൽ നന്ദിയും ഉണ്ടാവണമല്ലോ. മുൻപിലായിട്ട് അതിമനോഹരമായ നന്ദിയുടെ പ്രതിമ. അത് പരിപാലിക്കാനായിട്ട് എത്രയെത്ര മനുഷ്യരാണ് എന്നും അതിനു മുൻപിൽ പ്രയത്നിക്കുന്നത്, ശരിക്കും ഇത് അവരുടെ ഒരു കൂട്ടായ പരിശ്രമത്തിനറെ ഫലമാണ്. ഇത്രത്തോളം മനോഹരമായിട്ട് നമ്മുടെ സർക്കാർ എന്തുകൊണ്ടായിരിക്കും മറ്റുള്ള സ്ഥലങ്ങൾ മാറ്റം വരുത്താത്തത്? എന്തുതന്നെയായാലും അവിടിരിക്കാൻ ഒരു പ്രിത്യേക സുഖമാണ്. നേരം ഉച്ചയാണെങ്കിലും ഹിമഗിരി നിരകൾക്കിടയിലൂടെ വരുന്ന തണുത്ത കാറ്റും ഈ കാലാവസ്ഥ എന്തോ ഒരു സമാദാനം തരുന്നപോലെ തോന്നി.

ഞങ്ങൾ അതെല്ലാം മതിയോളം ആസ്വദിച്ചിട്ട് പുറത്തേയ്ക്കുള്ള കവാടം ലക്ഷ്യമാക്കി നടന്നു. ഒരു 150 മീറ്റർ ആ ഉദ്യാനത്തിന് നടുവിലൂടെ നടന്നാൽ റോഡ് എത്തി. അവിടെ നിന്നും നമുക്ക് ദാരാളം റിക്ഷകളും ബസും ഒക്കെ ലഭിക്കും. ഞങ്ങൾ ഒന്നിൽ കയറി ഇരുന്നു നേരെ ഋഷികേശ് ബസ്റ്റാൻഡ്. കഷ്ടിച്ചു 2 കിലോമീറ്റര് ദൂരം മാത്രം എന്നാലും രണ്ടാൾക്ക് 40 രൂപ. അവിടെ ചെന്നിറങ്ങിയപ്പോളാണ് കൂടുതൽ മനോഹരം ചുറ്റും മലനിരകൾ തിങ്ങി നിറഞ്ഞ അതി മനോഹരമായ ബസ്സ്റ്റേഷൻ പക്ഷേ റയിൽവേ സ്റ്റേഷൻ പോലെ നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒന്നുമില്ല സാദാരണ പോലെയൊരു ബസ് സ്റ്റാൻഡ്. അതിനു നേരെ മുൻപിൽ തന്നെ നമുക് ഒരു ലോഡ്ജ് കണ്ടെത്തി. ഒരു ഡബിൾ റൂം 600 രൂപ. റൂം ഒക്കെ എടുത്ത് ഫ്രഷായിട്ട് ഉച്ച ഭക്ഷണം കഴിക്കാനിറങ്ങി. വിശന്നിരുന്നത് കൊണ്ടാണോ എന്നറിയില്ല നല്ല ദാൽ ചോറും പിന്നെ രണ്ടു ചപ്പാത്തിയും. അതും കഴിച്ച നമ്മൾ നാളെ പോകാനുള്ള ബസിനെ കുറിച്ച അന്വേഷിക്കാനിറങ്ങി. അധിക ദൂരം ഒന്നുമില്ലല്ലോ തൊട്ടു മുൻപിൽ തന്നെയാണ് ബസ്സ്റ്റാൻഡ്. ആദ്യം ചെന്നപ്പോൾ തന്നെ ഒരാൾ പറഞ്ഞു രാവിലെ 4:15നു ബസ് പുറപ്പെടും. രാവില തന്നെയാണ് ടിക്കറ്റും എടുക്കേണ്ടത് അതികം തിരക്കയാൽ കിട്ടാനും പാടാണ്. ഞങ്ങൾ കുറച്ചു നേരത്തെ തന്നെ വന്നു നിൽക്കാമെന്ന് തീരുമാനിച്ചു. പിന്നെയും അന്വേഷിച്ചപ്പോൾ അടുത്ത ബസ്റ്റാന്റിൽ നിന്നും ഒരു രെജിസ്ട്രേഷൻ കുടി എടുക്കണമെന്ന് പറഞ്ഞു. നിർബന്ധമില്ല എന്നാലും അതെടുക്കാൻ തന്നെ തീരുമാനിച്ചു ഒരു തടസവും ഉണ്ടാവാൻ പാടില്ലാലോ. അവിടെ എത്തി അന്വേഷിച്ചപ്പോഴാണ് അത് എന്തിന്നു വേണ്ടിയുള്ള രജിസ്ട്രഷേൻ ആണെന്ന് മനസിലായത്. സത്യത്തിൽ ഒന്ന് ഞെട്ടി. എതെങ്കിലും തരത്തിൽ നമ്മെ കാണാതെ പോവുകയോ, അപകടം സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള രെജിസ്ട്രേഷനാണ് അത്. എമർജൻസി കോണ്ടാക്ട് നമ്പർ ഞാൻ എന്തായാലും വീട്ടുകാരുടേത് കൊടുത്തില്ല. അടുത്ത സുഹൃത്തിന്റെ നമ്പർ കൊടുത്തു. രജിസ്ട്രഷേൻ കഴിഞ്ഞു കയ്യിൽ കിട്ടിയ സാദനം കണ്ടപ്പോൾ ഒന്നുടെ ഞെട്ടി. അത് കയ്യിൽ ധരിക്കാനുള്ള ഒരു ബാൻഡ് ആണ്. അതായത് അപകടം എന്ന് പറഞ്ഞാൽ അഗാധമായ കൊക്കകളാണ്, ഹിമഗിരി നിരകളിൽ പതിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചും, അപകടം പറ്റി താഴേപോയാൽ എടുക്കാൻ പറ്റാത്ത സ്ഥലങ്ങളെ കുറിച്ചും, പിന്നെ ഭീമാകാരമായ കല്ലുകൾ ഉരുണ്ടു വണ്ടിയുടെ മുകളിൽ പതിക്കുന്നതിനെ കുറിച്ചുമൊക്കെ ഞങ്ങൾ പൂർണ ബോധവാന്മാരായി. അങ്ങനെ എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്നെ തിരിച്ചറിയാനുള്ള ബാൻഡ് ആണ് അത്, അതിൽ Qr കോഡ് ഉണ്ട്,എല്ലാ വിശതമായിട്ട് അതിൽ അടങ്ങിയിട്ടുണ്ട്. ഇത്രയും എടുത്ത് കഴിഞ്ഞപ്പോൾ ഉറപ്പായും ഒരു ഭയം ഉണ്ടായി. അത് അങ്ങനെയാണ് യാത്രകൾ ആശ്ചര്യവും അതോടൊപ്പം ഭയവും നിറഞ്ഞതാണ്. എന്നാണെങ്കിലും ഒരിക്കൽ മരിക്കണം അപ്പോൾ അത് എവിടെവെച്ചായാൽ എന്താ?!!! മരണത്തെ ഭയക്കേണ്ടതില്ല എന്ന പല തത്വചിന്തകന്മാരും പറയുന്നത് കേട്ടിട്ടുണ്ട്, മരണത്തെ സ്വീകരിക്കാനായി മരുന്നും ഭക്ഷണവും ഉഉപേക്ഷിച്ചു ജീവിക്കുന്ന യോഗികളെ കുറിച്ച് ഞാൻ വായിച്ചതും ഓർത്തുപോയി. എന്തായാലും ആ അന്തരീക്ഷം തന്നെ മാറാനായിട്ട് ഋഷികേശ് ഒന്ന് കറങ്ങിക്കാണാം എന്ന് തന്നെ തീരുമാനിച്ചു. അല്ലെങ്കിലും റൂം എടുത്ത് റസ്റ്റ് എടുക്കാനാണ് വന്നതെങ്കിൽ വീട്ടിൽ തന്നെ ഇരുന്നാൽ മതിയായിരുന്നല്ലോ.
The Gate Way to the Himalayas
ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ഋഷികേഷ്. ഋഷികേശിനെ കുറിച്ച് രണ്ടു വാക്ക് എഴുതിയില്ലെങ്കിൽ ഒരു സമാദാനം കാണില്ല. ഉത്തരാഖണ്ഡിലെ ഒരു മുനസിപ്പൽ നഗരം. ഹിമാലയത്തിന്റെ താഴ്വരയിൽ ഗംഗ നദിയോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലമാണ് ഋഷികേശ്. ഹിമാലയത്തിൽ നിന്നും 250 കിലോമീറ്റർ ഒഴുകിയാണ് ഗംഗാനദി ഇവിടെ എത്തുന്നത് . ഹിന്ദുക്കളുടെ പുണ്യ നഗരമായ ഋഷികേശ്.
ഇനി ഞാൻ കണ്ട ഋഷികേശിലോട്ട് പോകാം. ഒരുപാട് റിക്ഷ ആളുകൾ പല തരത്തിലുള്ള പാക്കേജുകളും ആയിട്ട് വന്നു. 750 രൂപയ്ക്ക് റാംജുലയും ലക്ഷ്മൺ ജൂലയും ഉൾപ്പടെ എല്ലാം കാണിച്ചു തരാം എന്ന് പറഞ്ഞു. അത് ഒരു തെറ്റില്ലാത്ത തുക ആണോ എന്നെനിക്കറിയില്ല. അതിനെയെല്ലാം സലാം പറഞ്ഞുകൊണ്ട് നമ്മൾ നടക്കാൻ ആരംഭിച്ചു.ഒരു പാക്കേജ് എടുത്ത് ടൈംടേബിള് പ്രകാരം പോകുന്നതിനേക്കാൾ നല്ലത് explore ചെയ്തു പോകുന്നതാണ്. അതുകൊണ്ട് നടക്കാം എന്നു അങ്ങ് തീരുമാനിച്ചു. കുറെ നേരം മുന്നോട്ട് നടന്നു ചെന്നപ്പോൾ ആളുകൾ എല്ലാരും കൂടി ഒരു വശത്തേക്ക് നടക്കുന്നത് കണ്ടു. ഞങ്ങളും ആ കൂട്ടത്തോടൊപ്പം നടന്നു. പലതരത്തിലുള്ള ആളുകൾ, മണം, നിറങ്ങൾ, പുകപ്പടലങ്ങൾ അങ്ങനേ പലതും കണ്ടു. അവിടെ ചെന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി ജീവിതത്തിൽ ആദ്യമായിട്ട് ഗംഗ ആരതി കാണാൻ പോവുകയാണെന്ന് ഞാൻ കരുതിയില്ല. പുസ്തകങ്ങളിലും, പിന്നെ എന്റേ അച്ഛൻ പറഞ്ഞും മാത്രം കേട്ടിട്ടുള്ള ഗംഗ ആരതി. ആദ്യമായിട്ടാണ് ഇങ്ങനേ ഓണ് കാണുന്നത്. ഏതൊരു വിശ്വസിക്കും മനസിനേ തൃപ്തിപ്പെടുത്താനും ശാന്തമാക്കാനും കഴിയുന്ന ഒന്നാണ് ഇതെന്ന് അവിടേ കൂടിയ ജനങ്ങളുടേ സന്തോഷവും, സങ്കടങ്ങളും, ആർപ്പൂവിളികളും കണ്ടപ്പോൾ അറിയതേ തോന്നിപ്പോയി. ഞാനും അത് വേണ്ടുവോളം കണ്ടു. പല തരത്തിൽ ഉള്ള മന്ത്രങ്ങൾ , ഗംഗ നദിയെ കുറിച്ചുള്ള പാട്ടും, ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു ആ കാഴ്ച.

അതെല്ലാം കഴിഞ്ഞു വഴിയോരങ്ങളിൽ ഇരിക്കുന്ന സന്യാസിമാരുടേ ഇടയിലൂടെ നടന്നു നീങ്ങിയപ്പോൾ മറ്റെങ്ങും നിന്നും കിട്ടാത്ത ഒരു സുഗന്ധം, അത് എന്താണെന്ന് അറിയാൻ അതിയായ ആഗ്രഹം മനസിൽ തോന്നി. ശരീരത്തെ മുഴുവൻ പിടിച്ചുനിറുത്തിയ ആ മണം അവരുടെ കയ്യിലുള്ള പുക കുഴലുകളിലൂടെ അവിടെയെല്ലാം പറന്നോഴുകി. നേരിയ വെളിച്ചത്തിന്റെ തിളക്കത്തിൽ കാര്യം എന്താണെന്ന് മനസിലാക്കി ഞങ്ങൾ മടങ്ങി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു ഷെയർ ടാക്സി പോലൊരു റിക്ഷാക്കാരൻ വന്നു. റാംജൂലായിലേക്കു പോകുമോ എന്ന് ചോദിച്ചതും വണ്ടി നിറുത്തി. അതിൽ കയറിയായിരുന്നു പിന്നീടുള്ള യാത്ര. കുറെ ഗല്ലികളിലൂടെയും കടക്കൾക്കിടയിലൂടെയും ആളുകൾക്കിടയിലൂടെയും ആ വണ്ടി പോയ്കൊണ്ടേയിരുന്നു. തണുപ്പാണെങ്കിലോ അതി കഠിനമായി വന്നുകൊണ്ടേയിരുന്നു എന്നാലും യാത്രയുടെ ലഹരിയിൽ അത് ശരീരത്തെ ചൂട് പിടിപ്പിച്ചുകൊണ്ടേയിരുന്നു.

ഒരു 15 മിനിറ്റ് യാത്രയായിരുന്നു, വണ്ടി നിറുത്തിയതൊന്നും ഞാൻ അറിഞ്ഞില്ല. രംജൂലയുടേ കവാടത്തിൽ തന്നേ വണ്ടി കൊണ്ട് നിറുത്തി. വളരെയതികം നീളമുള്ള ഒരു തൂക്കുപാലം, അതിനു മുകളിൽ ആയിരക്കണക്കിനു ആളുകളുടെ ഒരു സഞ്ചാരം. ഞാൻ പയ്യെ അതിനു മുകളിൽ കയറി. കുറച്ചതികം ആളുകൾ അതിൽ കൂടി ബൈക്ക് ഓടിച്ചു പോകുന്നും ഉണ്ട്. അപ്പോൾ മാത്രം ആ പാലമൊന്നു കുലുങ്ങി, എത്രയും പെട്ടെന്ന് അപ്പുറത്ത് പോകാനാണ് എനിക്കു തോന്നിയത്. ഞാൻ മിക്കപ്പോഴും അവിടുത്തേ താപനില നോക്കാറുണ്ട്, ഇപ്പോൾ 15 degree celcious. തണുപ്പിന്റെ കാഠിന്യം കൂടി കൂടി വരുന്നുണ്ടെന്ന് മനസിലായി. എന്റെ കയ്യിൽ ആകെ ഒരു ജാക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. നാളെ അതിരവിലേ ബദരീനാഥ് പോകനുള്ളതാണെന്ന് ഓർക്കണം, ഇവിടേ ഈ തണുപ്പനെങ്കിൽ അവിടേ എന്തായിരിക്കും, അത് വഴിയേ പറയാം.
ഞങ്ങൾ ആ പാലം കടന്ന് അപ്പുറത്ത് എത്തി. ഈ തണുപ്പിലും ഇത്രയതികം ആളുകൾ അവിടേ ഉണ്ടായിരുന്നു. ഞങ്ങൾ മുൻപോട്ട് നടന്നു. ഒരുപാട് ആളുകൾ ഗംഗ നദിയിൽ പൂജകളും മറ്റും ചെയ്യുന്ന കാഴ്ച കുറെ നേരം ഞാൻ നോക്കി നിന്നു. നടന്നു നീങ്ങുമ്പോൾ ആ പടവുകൾക്ക് മുകളിലായിട്ട് ഒരു 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള് എന്തോ പാചകം ചെയ്തു വിൽക്കുന്നുണ്ടായിരുന്നു നല്ല വിശപ്പുള്ളതുകൊണ്ട് ഞാൻ അവിടെ പോയി നോക്കി. എന്നേ നിരാശനാക്കി അയ്യാൾ ബ്രെഡ് ഓംലെറ്റ് വിൽക്കുന്നു. എന്നാലും ഒരെണ്ണം വാങ്ങി കഴിക്കാൻ തന്നേ തീരുമാനിച്ചു. എന്റെ ധാരണകൾ എല്ലാം തെറ്റിച്ചു, അതിഗംഭീരം എന്നല്ലാതെന്ത് പറയാൻ. വെണ്ണയും പാലും കുറച്ച് പഞ്ചസാരയും പിന്നെ എന്തോ ഒരു കൂട്ടും ചേർത്തുണ്ടാക്കിയ ഒരു പാശ്ചാത്യ ശൈലി എന്നു തോന്നിപ്പികുന്ന ബ്രെഡ് ഓംലെറ്റ്. ഒരെണ്ണം കൂടി ഓർഡർ ചെയ്തിട്ട് ഞാൻ നടന്നു. അവിടെ എല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുറെ പശുകളേയും കാണാം. നോർത്ത് വന്നാൽ ഇതൊരു പുതിയ കാഴ്ച അല്ലല്ലോ എന്നാലും നന്നായിട്ട് ഇണങ്ങിയ വളരെയതികം രോമങ്ങൾ ഉള്ള പശുക്കൾ. ഈ തണുപ്പിൽ നിന്നും രക്ഷപ്പെടാൻ അവർക്കെല്ലാം എളുപ്പമാണെന്ന് തോന്നിപ്പോകും. അവിടുത്തെ കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞൂ ഞങ്ങൾ നടന്നു റൂമിലേക്ക് പോകാൻ തീരുമാനിച്ചു. പോകുന്ന വഴിക്ക് ഗംഗ നദിയിലിറങ്ങി കുറച്ച് വെള്ളവും കുപ്പിയിലാക്കി. ഇത്തവണത്തെ യാത്രയിൽ ഈ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ചെറിയ ഹോബി എന്നു വേണമെങ്കിൽ പറയാം. ഞാൻ എവിടെ പോയാലും അവിടുന്ന് ഒരു കല്ല് അല്ലെങ്കിൽ അവിടുത്തെ നദിയുടെ വെള്ളം എടുത്ത് വെക്കാറുണ്ട്. അത് എവിടെ പോയാലും ഉണ്ട്. കേരളത്തിൻ്റെ പല ഭാഗത്ത് നിന്നുള്ള കല്ലുകൾ എൻ്റെകയ്യിൽ ഉണ്ട്. ഏല്ലാ കല്ലുകളും എടുക്കാറില്ല അവിടെ ചെല്ലുമ്പോൾ എന്തെങ്കിലും തരത്തിൽ ഒരു പ്രത്യേകത അ കല്ലുകൾക്ക് ഉണ്ടാകും.. ഇങ്ങനെ ചെറിയ ഭ്രാന്ത് ഓക്കേ ഉണ്ടായാൽ അല്ലേ ആ യാത്രയെ ഓർമിക്കാൻ സാദിക്കുള്ളൂ. രാത്രി ഒരു 1.30 am ആയിട്ടുണ്ടാകും നമ്മൾ റൂമില് എത്തിയപ്പോൾ. തണുപ്പിൻ്റെ കാഠിന്യം കൂടി കൂടി വന്നു 13 ഡിഗ്രീ celcious. ഇനി അതികനേരം ഉറങ്ങാനാവില്ല രാവിലെ 4.15 നു ബസ് ഇവിടെ നിന്നും പുറപ്പെടും. അതിരവിലെ എഴുന്നേറ്റ് ടിക്കറ്റ് എടുക്കാൻ പോയി ക്യു നിൽക്കണം. ഞാൻ പക്ഷേ ചെറുതായിട്ടോന്നൂ മയങ്ങി.
ബദ്രീനാഥിലെക്ക്

കൃത്യം 3 മണിക്ക് അ ശബ്ദം എന്നേ തേടിയെത്തി. മൊബൈൽ എടുത്ത് ഓഫക്കിയിട്ട് കറൻ്റ് അടിച്ചതുപോലെ ഞാൻ ചാടിയെഴുന്നേറ്റ് പോയി അങ്ങ് കുളിച്ചു. എത്ര തണുപ്പനെങ്കിലും കുളിക്കാൻ നല്ല സുഗമാണ്. മുൻപ് പറഞ്ഞതുപോലേ റൂമിനു മുമ്പിൽ തന്നെയാണ് ബസ് സ്റ്റാൻഡ്. നേരെ ചെന്നു അതികമാരെയും ടിക്കറ്റ് എടുക്കാൻ കാണാൻ ഇല്ല. 350 രൂപ ഒരാൾക്കു. നേരെ 425- ാം number ബസ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ബസ് കണ്ടപ്പോൾ സത്യത്തിൽ ഞാൻ ഒന്നു ഞെട്ടിപ്പോയി. ഒരു തകര കൂട്. എന്നാലും അതിൽ കയറാൻ നിൽക്കുന്ന വിദേശ ദമ്പതികളെ കണ്ടപ്പോൾ ഞാൻ പിന്നെ ചാടി കയറി ഡ്രൈവറുടെ പിന്നിൽ ഇരിപ്പായി. സമയം ഒട്ടും വൈകാതെ ബസ് യാത്ര തുടങ്ങി.
ബസ് പതിയെ നീങ്ങി തുടങ്ങി. അതുപോലെ തന്നെ ശൈത്യവും കൂടി കൂടി വന്നു. ഡ്രൈവറുടെ പിൻസീറ്റിലയതുകൊണ്ട് എന്തോ ശബ്ദം കേട്ടുകൊണ്ടെയിരുന്നു. ഘടികാരത്തിൽ നിന്നു വരുന്ന അലാറം പോലെ അത് ആരോജകമായി തന്നെ തുടർന്നു. പക്ഷേ യാത്ര തരുന്ന ഒരു സുഖം അതിനെയെല്ലാം മറികടക്കാനുള്ളതാണല്ലൊ. ഏകദേശം ഒരു മണികൂർ കഴിഞ്ഞിട്ടുണ്ടാവണം. ഈ പ്രഭാതം മെല്ലേ പൊട്ടി വിടർന്നു എന്നൊക്കെ കേട്ടിട്ടില്ലെ. ശരിക്കും അതായിരുന്നു പ്രഭാതം. ഞാൻ കണ്ടത്തിൽ വെച്ചു ഏറ്റവും മനോഹരമായ ഒരു സൂര്യോദയം. എത്ര കണ്ടാലും മതിവരാത്ത പറഞ്ഞറിയിക്കാൻ വാക്കുകളാൽ കഴിയില്ല. മലനിരകളക്കിടയിലുടെയുള്ള അ മഞ്ഞയും ഓറഞ്ചും ചുവപ്പും നിറഞ്ഞ ആ വെളിച്ചം മനസിന് ഒരു പുതുമയും സമാധാനവും നൽകുന്ന പോലെ തോന്നി.. സ്വർണ നിറത്തിലുള്ള അതിമനോഹരമായ സൂര്യോദയം. നമ്മൾ കയറി വന്ന അ വഴികൾ എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് അ നേരിയ വെളിച്ചത്തിൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ആകാശത്തോളം ഉയരത്തിൽ ഞാൻ എത്തി ചേർന്നു എന്നെനിക്കു തോന്നിപ്പോയി. ആകാശമടിവിൽ നക്ഷത്രങ്ങൾ ഇപ്പോഴും മിനുങ്ങുന്നുണ്ടായിരുന്നു. യാത്ര തുടർന്നുകൊണ്ടിരിക്കെ രാവിലെ 7:30ഓടെ ബസ് ഒരു ചെറിയ കടയ്ക്കൽ നിലച്ചു. പ്രഭാതഭക്ഷണത്തിനായുള്ള ഇടവേള.. . മുൻപ്പിലും പിന്നിലും ആരുമില്ല. ഒരേയൊരു കട മാത്രം. ശൈത്യം അതിൻ്റെ കൊടുമുടിയിൽ ആണെന്ന് തോന്നി പോയി. ഓടി ഞങ്ങൾ അ കടക്കകത്ത് കയറി. ഒരു ചായ വാങ്ങി കുടിച്ചു. ഈ തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഇതല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല. അപ്പോഴാണ് അ കടയുടെ പിൻഭാഗം നമ്മൾ കാണുന്നത്. അതി മനോഹരമായ മല നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം.സൂര്യോദയം കാണാൻ ഇതിലും മികച്ചൊരു സ്ഥലം വെറൈയുണ്ടാവില്ല എന്നു വെറുതേ തോന്നി പോകും. സിനിമകളിലും വീഡിയോയിൽും മാത്രം കണ്ടു വരുന്ന ഒരു പ്രതിഭാസം കൂടി കാണാൻ കഴിഞ്ഞു. സംസാരികുമ്പോളെല്ലാം വായിൽ നിനനോക്കേ പുക പറക്കുന്നത് കാണാൻ ആകും. സിനിമ കാണുമ്പോൾ പണ്ട് ഇതുപോലെ കിട്ടാൻ വേണ്ടി കൊതിച്ചിരുന്നു. വണ്ടിയിൽ കയറി വീണ്ടും മുൻപോട്ട്. അതി ഭീഗരമായ പാറകെട്ടുകളാൽ നിറഞ്ഞ മലനിരകളക്കിടയിലുട നമ്മുടെ വാഹനം ചീറി പാഞ്ഞു. ചില സ്ഥലങ്ങളിൽ ഭീമാകാരമായ കല്ലുകൾ പത്തിച്ചു കിടക്കുന്നത് കാണാനാവും. കാണുമ്പോൾ തന്നെ വല്ലാത്തൊരു പേടിയാണ്. ഞങ്ങൾ വരുന്നതിനു മുൻപ് വീണ ഒരു കല്ല് ഡ്രൈവർ ഞങ്ങൾക്ക് കാണിച്ചു തന്നു. നമ്മള് യാത്ര ചെയുന്ന ബസ്സിൻ്റെ അത്രയും തന്നേ വലിപ്പം കാണും. അത് നീക്കം ചെയ്യാനായി ജോലിക്കാരെയും കാണാം. ഞാൻ അപ്പോൾ നമ്മൾ പോകുന്ന വഴികൾ വെറുതെയൊന്നു ഗൂഗിള് മാപ്പ് എടുത്ത് നോക്കി. internet ഓക്കേ വലിയ സ്പീഡ് ഇല്ലെങ്കിലും തത്കാലം ഉപയോഗിക്കാം എന്നുള്ള നിലയ്ക്കാണ്.
ഒരു ചെറിയ അറിവിലേക്കായിട്ട് ഞാൻ പോക്കുന്ന സ്ഥലങ്ങൾ ഒന്നു പടിച്ചു.. ഋഷികേശിൽ നിന്നും 287 km ദൂരം ഉണ്ട് ബദരീനാഥ് വരെ. എവിടെയും നിറുത്താതെ പോയാൽ 9 മണികൂർ എടുത്താണ് എത്തിച്ചേരാൻ സാദിക്കുക. ഇവിടുള്ള മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ബദരീനാഥ് വരെ വണ്ടി ഓടിയെത്തും. ട്രെക്കിംഗ് ചെയ്തു പോകേണ്ട എന്നർത്ഥം. നമ്മൾ കടന്നു പോകുന്ന പ്രഥാനപ്പെട്ട സ്ഥലങ്ങളാണ് ദേവപ്രയാഗ്, രുദ്രപ്രയാഗ്, കാർണപ്രയാഗ്, ജോഷിമത്ത്. ഇവിടെ കേദാർനാഥ് പോകണമെങ്കിലും, Valley of Flowers-ൽ പോകണമെങ്കിലും, ജോഷിമറ്റ് വരെ വന്നു ചേരണം. ദേവപ്രയാഗിൽ വെച്ച് നമുക്ക് അതിമനോഹരമായ ഒരു കാഴ്ച കാണാൻ സാധിക്കും. ഇവിടെ വെച്ചാണ് അളകനന്ദ നദിയും, ഭാഗീരഥി നദിയും സംഗമിക്കുന്നത്. അത് കാണാൻ തന്നെ വളരെയതികം മനോഹരമാണ്. രണ്ടു വർണത്തിലുള്ള നദികൾ, ദേവപ്രയാഗ് സംഗമം എന്ന പേരിൽ അറിയപ്പെടും. ഈ രണ്ടു നദികളും സംഗമിച്ചാണ് ഗംഗ നദിയുടെ ഉത്ഭവം. നമ്മൾ ഗംഗ ആരതി ഏല്ലാം കണ്ട സാക്ഷാൽ ഗംഗ നദി. പരമ്പരാഗതമായി, ദേവ് ശർമ്മ മുനി തൻ്റെ സന്ന്യാസി ജീവിതം നയിച്ച സ്ഥലമായി കണക്കാക്കപ്പെടുന്നു, അതിൻ്റെ ഇന്നുള്ള പേരാണ് ദേവപ്രയാഗ്. കുന്നുകളിലെ അഞ്ച് പുണ്യ സംഗമങ്ങളിൽ ഒന്നായ ഇത് ഭക്തരായ ഹിന്ദുക്കളുടെ തീർത്ഥാടനത്തിനുള്ള പ്രധാന സ്ഥലമാണ്.
ഈ അളകനന്ദ നദി ബദ്രിനാഥിൽനിന്നും ഉൾഭവികുന്നതും ഭാഗീരഥി നദി കേദാരനാഥിൽനിന്നും ഉൾഭവികുന്നതുമാണ് എത്രമാത്രം വിവരിക്കാൻ ശ്രമിച്ചാലും, ഈ നദികളുടെ തികച്ചും അതുല്യമായ സൗന്ദര്യത്തെ നേരിൽ അനുഭവികുന്ന അത്രയും വരില്ല എന്നത് തീർച്ച.
നമ്മൾ വീണ്ടും യാത്ര തുടരാനാരംഭിച്ചു. എത്ര കണ്ടാലും മതിവരാത്ത, അതി ഭീമാകാരമായ മലനിരകളുടെ ഇടയിലൂടെ, തികച്ചും ഏകാകിയായ ബസ് മുന്നേറിക്കൊണ്ടിരുന്നു. ഇടയ്ക്ക് ബൈക്ക് യാത്രികരെയും കാണാൻ കഴിയും;
ഞാൻ ഈ മലനിരകളെ നോക്കുമ്പോൾ, അവയുടെ അത്ഭുതകരമായ വലൂപ്പത്തിൽ മുഴുവൻ അൽഭൂതപ്പെട്ടുപോകുകയാണ്. എത്രയോ ഉയരത്തിലാണ് അവ തങ്ങളുടെ അസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഈ ഉയരങ്ങളിലേക്ക് മനുഷ്യൻ എങ്ങനെയാണ് പ്രയാണം പൂർത്തിയാക്കിയത്? എന്ത് കരുത്തും ആത്മാർത്ഥതയുമാണ് അവരെ ഈ ഭൂമി സ്പർശിക്കാത്ത ദൂരങ്ങളിലേക്ക് എത്തിച്ചത്?ഈ മലനിരകൾ, ലോകത്തിന്റെ തീരമില്ലാത്ത സാക്ഷികൾ. എത്രമാത്രം മനുഷ്യരുടേയും മരണമുഴങ്ങലുകൾ ഇവ കേട്ടുകേൾക്കുന്നവരാണ്. എന്നാൽ, അവയുടെ മനസ്സിന്റെ ആരുമറിയാത്ത ഒരിടങ്ങളിൽ, നിശബ്ദമായി ഈ മലകൾ എന്നും എന്തോ പറയാനുള്ളവരായി നിൽക്കുന്നു. ഇവിടം എന്നോട് എന്തെങ്കിലും പങ്കുവയ്ക്കാൻ ഇടയുണ്ടോ? അതോ, ഇവ നിശബ്ദതയുടെ തേജസായ സാക്ഷികൾ മാത്രമായിരുന്നോ?
തണുപ്പ് എത്രത്തോളം കടുപ്പമുണ്ടെന്ന് മനസിലാക്കാൻ ഞാൻ ഫോൺ എടുത്ത് നോക്കി: 8 ഡിഗ്രി. തണുത്ത കാറ്റിൽ കൈകൾ നിസ്സഹായമായി മരവിച്ചുപോവുകയാണ്. വണ്ടി പതുക്കെ നിറുത്തി. ഒരു മദ്ധ്യവയസ്കൻ ആദ്യം ഇറങ്ങി. അയ്യാൾ കൈയിൽ കരുതിയ ഒരു ഉപകരണം കണ്ടപ്പോൾ ഞെട്ടലോടെ എൻ്റെ കണ്ണുകൾ അത് പിന്തുടർന്നു. നീണ്ടൊരു കുഴൽ –അതിൻ്റെ അടിയിൽ ഒരു ചെറുകുടംപോലെയുള്ള പാത്രം. ആദ്യം നോക്കുമ്പോൾ അത് ശൂന്യമായി തോന്നുന്നു, പക്ഷേ ശ്രദ്ധിച്ചു കണ്ണ് തുറന്നു നോക്കിയാൽ, അതിനകത്ത് വെള്ളം തെളിഞ്ഞു കിടക്കുന്നത് കാണാം — ശാന്തമായി, നിശബ്ദമായി. അതിലെ ഓരോ തുള്ളിയും എന്തോ തേടിക്കൊണ്ടിരിക്കുന്നതുപോലെ. ഇതായിരുന്നു ഹുക്ക. ഇതാ, കഞ്ചാവിൻ്റെ പാതയിലൂടെ ആത്മാവിൻ്റെ അസ്തിത്വം തേടുന്ന ഒരാൾ. തൻ്റെ വേദനയുടെ വേരുകളെ തേടാൻ അതുമല്ലെങ്കിൽ ഈ ലോകത്തു നിന്നും മറ്റൊരു ലോകത്തേക്ക് പോകുവാൻ ആഗ്രഹിക്കുന്ന ഒരാൾ.ഞാൻ അതിനോട് കൗതുകത്തോടെ നോക്കി നിന്നു.
ഒരു കൗതുകം, അതിലും കൂടുതല്, അൽപ്പം ജിജ്ഞാസയും ഉണർത്തിയ അവനുവേണ്ടി ഞാൻ പിറകേ നടന്നു. ആ വ്യക്തിയുടെ കൃത്യതയും വൈദഗ്ധ്യവും കാണുമ്പോൾ, ഞാൻ അമ്പരന്നു. തൻ്റെ കൈയിൽ കരുതിയ ചെറിയ പൊതി തുറന്നു, അതിൻ്റെ ഉള്ളിൽ നിന്നുള്ള തണ്ടുകളും കുരുവും എല്ലാം വളരെ സൂക്ഷ്മമായി തെരഞ്ഞെടുത്തു. ഓരോ ഘടകവും കൃത്യമായി കൂട്ടിവെച്ച്, ഉപകരണത്തിൻ്റെ മുകളിൽ വളരെ ശ്രദ്ധയോടെ ക്രമപ്പെടുത്തി. തൻ്റെ അറിവും കാഴ്ചപ്പാടും കൊണ്ട് മറ്റുള്ളവരെ ആവേശഭരിതരാക്കുകയായിരുന്ന അദ്ദേഹം., ഉപകരണത്തിൻ്റെ തലഭാഗത്ത് തീ കൊളുത്തി. അങ്ങനെ കത്തിച്ച പുക, അതിൻ്റെ അടിയിലുള്ള വെള്ളത്തിലൂടെ സസന്തോഷം കുതിച്ച് നീങ്ങി, പിന്നെ നീണ്ട കുഴലിലൂടെ നേരെ അദേഹത്തിൻ്റെ ശ്വാസനാളത്തിലേക്ക്.
ആ കാഴ്ചയിൽ ഞാൻ യാഥാർത്ഥ്യത്തിന്റെയും സ്വപ്നത്തിന്റെയും ഇടയിൽ അർഥം തേടുമെന്ന് എനിക്കു പോലും തോന്നിയില്ല. ആ മനുഷ്യന്റെ ലഹരിയുടെ കൊടുമുടി കയറാൻ ആഗ്രഹമായിരുന്നോ അതോ ഈ മഹാപർവതത്തിന്റെ നേർക്ക് പായുന്ന ഒരു പക്ഷിയുടെ ആത്മവിശ്വാസവുമായി പറക്കാൻ ആയിരുന്നോ, ഞാൻ അറിഞ്ഞില്ല. പർവതവും അതിനോട് ചേർന്ന അനുഭവങ്ങളുമാണ് ഇവിടെ സൃഷ്ടിയുടെ അതിശയങ്ങളുടെ അവതാരങ്ങൾ. മനുഷ്യന്റെ ദാരുണവും ദിവ്യവും എല്ലാം അണിയറകളിൽ നിന്ന് പുറത്തെത്തുന്ന ഒരു വാതായനമാണ് ഇതൊക്കെ. ഇതെല്ലാം കണ്ടു നിന്ന എന്നേ അദ്ദേഹം ആ ലോകത്തേക്ക് ക്ഷണിച്ചു, എന്തോ എനിക്കു പോകൻ മനസനുവദിച്ചില്ല. അതിൽ തെറ്റു ഒന്നുമില്ലായിരുന്നു.


എത്ര അത്ഭുതകരമാണ് മനുഷ്യൻ. എത്രത്തോളം വ്യത്യസ്തരാണ് നമ്മൾ — അതുകൊണ്ടുതന്നെ ഭൂമിയിലുടനീളം നമ്മുടെ സഞ്ചാരങ്ങൾക്കും സ്വന്തമായ വഴിയുണ്ട്. മനുഷ്യരെ അറിയാൻ, അവരുടേതായ ലോകങ്ങൾ പഠിക്കാൻ, ഒരേ യാത്രയിൽ തന്നെ എത്ര വിധം അനുഭവങ്ങൾ കൈവരിക്കാം! മനുഷ്യരിൽ ഒരൊറ്റ രൂപം ഇല്ല; ഒരൊറ്റ ജീവിതരീതി ഇല്ല. ഓരോരുത്തരും തങ്ങൾ താങ്ങായും, തങ്ങൾക്കുള്ള വഴിയിലുടെ തന്നെ മുന്നോട്ട് പോവുന്നു. ചിലർ അവരുടെ തൊഴിൽ ജീവിതത്തിൽ മുഴുകിയിരിക്കുമ്പോൾ, ചിലർ സൃഷ്ടിയുടെ ലോകത്തോട് സംസാരിക്കുന്നു. ചുറ്റുമുള്ള വ്യക്തികളെ ശ്രദ്ധിക്കുമ്പോൾ, അവർ ഓരോരുത്തരും ജീവിതത്തിന്റെ വ്യത്യസ്ത കണക്കുകൾ വിളിച്ചുപറയുന്നവരാണെന്ന് മനസ്സിലാക്കാം. ചിലർ അത്യന്തം സാമൂഹികമാകുമ്പോൾ, ചിലർ അവരുടെ സ്വതന്ത്ര ലോകത്തിൽ ജീവിക്കുന്നു. മനുഷ്യരുടെ മനസുകളുടെ ആഴം മനസ്സിലാക്കാൻ, അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും കാണാൻ നമുക്ക് ഒരുപാട് കാലം വേണ്ടിവരുമെന്നും തോന്നും. എത്രത്തോളം ഭാവനാശക്തിയും, ഭയവും, ആത്മവിശ്വാസവും, വിധികളും മനുഷ്യനെ പ്രത്യേകതയോടെ വേർതിരിക്കുന്നു!
ഈ ലോകത്ത് പലർക്കും ജീവിതത്തിന്റെ അർത്ഥം വിവിധ തരത്തിൽ പ്രകടമാകുന്നു. ചിലർ സഹായകരമാകാൻ ശ്രമിക്കുമ്പോൾ, ചിലർ സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. മനുഷ്യൻ, അവൻ ഒരു കൊച്ചു ലോകമാണ്; ഓരോ മനുഷ്യനും ഒരു വിസ്മയമായ പുസ്തകമാണ്. അവരുടെ കഥകൾ കേൾക്കാനായാലും അവർ ചേർന്ന നിമിഷങ്ങൾ ആസ്വദിക്കാനായാലും നമ്മുക്ക് ഇനിയും ഏറെ യാത്ര ചെയ്യണം.
സമയങ്ങൾ ഒലിച്ചുപോയി; ഏകദേശം വൈകുന്നേരം നാല് മണിയാകും. ഞാൻ വണ്ടിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, എന്റെ കാഴ്ച്ചയിലെ ദൃശ്യങ്ങൾ മനസിനെ നിറച്ചു. അവിടെ, ഒരു ബസിന്റെ മുകളിൽ മഞ്ഞ് അടിഞ്ഞുകിടക്കുന്നത് കാണാനായി. അത്ര ഉയരത്തിൽ മഞ്ഞ് കാണുന്നത് എന്നെ അത്ഭുതത്തിലാക്കി. അഹാ, ഇതാ, നമുക്ക് മഞ്ഞു വീഴ്ചയുടെ രാജ്യത്തിലേക്ക് പ്രവേശിക്കാനായി! ദൂരത്തേക്ക് ഞാൻ നോക്കി. മലനിരകളിൽ വിരിഞ്ഞു കിടക്കുന്ന വെള്ളസ്നേഹമായ മഞ്ഞ് പതിയുന്ന കാഴ്ച, എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞൂ. ഞാൻ ആദ്യമായി കാണുന്ന മഞ്ഞ്! അതിന്റെ പ്രകൃതിസൗന്ദര്യം ഒരു കുഞ്ഞിന്റെ കൗതുകപൂർണ്ണ കണ്ണുകളിലൂടെ കണ്ടപോലെ. അതിന് മുമ്പെങ്ങും എനിക്ക് തോന്നിയില്ല ഈ വസ്തുതയുടെ ഭംഗി. എന്റെ ആകാംക്ഷയും അത്ഭുതവും കൈവശം വയ്ക്കാൻ കഴിയാതെ, ഹൃദയം നിറഞ്ഞു കരയാൻ തുടങ്ങിയ ഒരു നിമിഷമുണ്ടായിരിക്കുന്നു. ജീവിതത്തിൽ ആദ്യമായി മഞ്ഞിനെ നേരിൽ കാണുമ്പോൾ, അത് മനസിനോടുള്ള ഒരു സമാധാനം പകരുന്നതുപോലെയായിരുന്നു. വണ്ടി മഞ്ഞുപതിഞ്ഞ മലനിരകളിലേക്ക് പതുക്കെ മുന്നേറുമ്പോൾ, ഞാൻ ആ സൗന്ദര്യത്തിൽ മുഴുകി. വണ്ടിയുടെ ചലനവും അ കാഴ്ചയും എനിക്കൊരു സ്വപ്നത്തിലൂടെ യാത്ര ചെയ്യുന്നതുപോലെ തോന്നിച്ചു.


ഞാൻ പകർത്തിയ ഈ ദൃശ്യങ്ങൾ നിങ്ങളെ എത്രത്തോളം ആകർഷിക്കുമെന്നോ ആസ്വദിക്കാൻ പ്രേരിപ്പിക്കുമെന്നോ എനിക്ക് അറിയില്ല. അന്നും ഇപ്പോഴും, എന്റെ ഹൃദയത്തിൽ അവ സ്ഥാനം പിടിച്ചിരിക്കുന്നു. വണ്ടി പിന്നെ ചെറുകുതിപ്പോടെ മഞ്ഞുമലകളുടെ താഴ്വരയിൽ എത്തി നിന്നു. ഏതു ദിശയിലേക്കു കണ്ണു തിരിഞ്ഞാലും, വെളുത്ത മഞ്ഞിന്റെ മൃദുലതയിൽ പൂന്തോട്ടം പോലെ വിരിഞ്ഞ് കിടക്കുന്ന ഒരു ഭൂമികാണാം. മഞ്ഞിന്റെ അതുല്യ ഭംഗിയിൽ ഞാൻ മുഴുകിയപ്പോൾ ഞാൻ എന്നേ തന്നെ മറന്നുപോയി. കണ്ണുകൾ തുറന്ന് കാണുന്നിടത്തോളം ദൂരവും, മഞ്ഞിന്റെ മൃദുലമായ സ്പർശവും, ഇടയ്ക്കിടയുള്ള ശീതപ്രവാഹവും, മനസിൽ ഒരു സ്വപ്നവേളകളെ രൂപപ്പെടുത്തുന്നുവെന്നുപോലെ തോന്നുന്നു. ഈ യാത്ര, ഈ കാഴ്ചകൾ, അങ്ങിനെയൊരു മറക്കാനാവാത്ത അനുഭവമായി എപ്പോഴും ഹൃദയത്തിലുണ്ട്.

ബദ്രിനാഥ്
അങ്ങനെ അവസാനം ബദരിയുടെ മണ്ണിലേക്ക് നമ്മുടേ വണ്ടി ചെന്നു നിന്നു.ചുറ്റുമെങ്ങും കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞുമലകളാൽ മൂടപ്പെട്ട ഈ സന്ധ്യകാല ദൃശ്യം സാക്ഷാൽ സ്വപ്നത്തിൽ നടക്കുന്ന പോലെ തോന്നിച്ചു. 3,100 മീറ്റർ (10,170 അടി) ഉയരത്തിലുള്ള ഗർവാളിലെ ഈ മനോഹര താഴ്വാരം അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. നീലകണ്ഠ കൊടുമുടിയുടെ (6,596 മീറ്റർ) കിഴക്ക് 9 കിലോമീറ്ററിലും നർ-നാരായൺ പർവതനിരകളുടെ മദ്ധ്യത്തിൽ നിന്നുമാണ് ബദരിനാഥിന്റെ ഈ ഭക്തിപൂർണമായ ഭംഗി പരത്തുന്നത്.
മഞ്ഞുമലകളുടെ സൗന്ദര്യം മതിവരുവോളം ആസ്വദിച്ച് ഒടുവിൽ റൂം എടുക്കാനുള്ള ഓർമ്മ വന്നു. നേരെയുള്ള ഒരു കടയിൽ കയറി ചൂടൻ ചായ കഴിച്ചു. ദീർഘദൂരം ബസിൽ യാത്ര ചെയ്തതിന്റെ മടുപ്പും അഹ്, ചായയുടെ ചൂടിൽ ചെറുതായി മറഞ്ഞുപോയി. പിന്നെ നേരെ എതിർ വശത്ത് ഒരു മല ചെരുവിൽ അങ്ങ് താഴേക്ക് നോക്കിയപ്പോൾ ഹോട്ടൽ റൂം കാണപ്പെട്ടു. ദിവസത്തിന് 1000 രൂപ മാത്രമെന്ന് കേട്ടപ്പോൾ വല്ലാത്തൊരു സംതൃപ്തി!
റൂം ബുക്ക് ചെയ്തതിന്റെ ഉടനെ തന്നെ കുളിക്കാൻ പോകണമെന്ന് തോന്നി. എന്നാൽ, കുളിച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞ ആ കഠിന അനുഭവം യാതൊരു വിധത്തിലും മറക്കാനാവില്ല! അവിടുത്തെ താപനിലയുമായി പൊരുത്തപ്പെടാതെ, സൂര്യപ്രകാശം ഇല്ലാത്ത സമയത്ത് കുളിക്കുക വലിയൊരു അപകടം തന്നെയെന്ന് പ്രാദേശികർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഹൃദയാഘാതം വരെ ഉണ്ടായേക്കാം എന്ന് അവർ പറഞ്ഞപ്പോൾ നേരെ ഞെട്ടിയെങ്കിലും, ഭാഗ്യവശാൽ ഞങ്ങൾക്ക് അത് അനുഭവമായി മാറിയില്ല.
പക്ഷേ, തണുത്ത വെള്ളം തലയിൽ ഒഴിക്കുമ്പോൾ ആ ഇരട്ടിപ്പിച്ച തണുപ്പ് ശരീരം മരവിച്ചു കൊണ്ടിരിക്കുന്നതായി തോന്നിച്ചു. തലയിൽ സ്പർശിച്ചാൽ പോലും അറിവില്ലാത്ത മരവിപ്പുണ്ടായിരുന്നു. പിന്നെയൊരു കഠിനാഭ്യസത്തോടെ, ചൂടുവെള്ളം ഉപയോഗിച്ച് ഒടുവിൽ കുളി തീർത്തു. ഇത്രയും തണുപ്പ് അനുഭവിച്ച ആദ്യ അനുഭവമായതിനാൽ, ഓരോ നിമിഷവും പുതിയ അനുഭവങ്ങളായിത്തീർന്നു. ഹിമാലയത്തിന്റെ ഹൃദയത്തിൽ ഒരു രാത്രിയുടെ തുടക്കം ഇങ്ങനെ തന്നെയായിരുന്നു!
ഇതെല്ലാം കഴിഞ്ഞു അച്ഛൻ തന്ന ഒരു ജാക്കറ്റ് എടുത്തിട്ടു. അതിനുള്ളിലായി 3 t ഷർട്ട് പിന്നേ രണ്ടു ജീൻസ്. ഇതെല്ലാം ഇട്ടു ഞങ്ങൾ റൂമിന് വെളിയിലിറങ്ങി. അപ്പോഴാണ് കയ്യില് നിന്നും അതിഭയങ്കര മരവിപ്പ് അനുഭവിച്ചത്. അത് മാത്രം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മരംകൊച്ചുന്ന തണുപ്പ് എന്ന് കേട്ടിട്ടുണ്ട്. ദാരളം ശൈത്യ ഉടുപ്പുകൾ വിൽക്കുന്ന കടകൾ ഉണ്ടായത് കൊണ്ട് അവിടുന്ന് കയ്യുറകൾ വാങ്ങാനായി. താല്കാലിക ശമനം. ബദരിനാഥ് ക്ഷേത്രത്തിലേക്ക് നമുക്ക് മുന്നോട്ട് പോകാനായി, ഏകദേശം 1.5 കിലോമീറ്റർ ഉണ്ട്. ഒരു ചെറുനടവഴി പാതയിലൂടെ കടന്നു പോകുമ്പോൾ, മുടങ്ങാതെ തടിച്ചുകൂടിയ കടകളും രസകരമായ ജിവിതച്ചെരുവുകളും കാണാം. ക്ഷേത്രത്തിലേക്ക് വേണ്ടിയുള്ള നേർചകളും വസ്ത്രങ്ങളും, വിവിധതരം രുദ്രാക്ഷങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. ഓരോ കടയും, ഓരോ സാധനവും അദ്ഭുതം ഉളവാക്കുന്ന രീതിയിലാണ്.
ഇവിടെ ഈ വ്യാപാരികൾ ഉണ്ടാകുന്നത് ബദരിനാഥ് ക്ഷേത്രം പോലൊരു സ്ഥലത്തിനാലാണെന്ന അറിവ് എന്നേ വല്ലാതെ ചിന്തിപ്പിച്ചു. അവരുടെ കച്ചവടങ്ങളെ കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു സംശയമുണ്ടായി; ഇവർക്ക് ഇത് കൂടുതൽ ആസ്വദിക്കാൻ സാദിക്കുമോ? ഒരു വിദേശിയെ കാണുമ്പോൾ അവർ കച്ചവടം വിജയിപ്പിക്കാൻ നടത്തുന്ന കഠിനശ്രമങ്ങൾ എത്രത്തോളം കൌതുകമുണർത്തുന്നതാണ്! ഓരോ വാക്കും ഒരു പ്രദർശനമാണ്. ഒരു കാര്യം എനിക്കു മനസിലായി ഇവർക്കെല്ലാം വേണ്ടിയാണ് അ ക്ഷേത്രം അവിടെ നിലനിൽകുന്നത്, ആ ക്ഷേത്രം ഇല്ലെങ്കിൽ ഈ കച്ചവടങ്ങളുമില്ല.
മറ്റൊരു ശ്രദ്ധേയമായ ഭാഗമെന്ന് പറയുമ്പോൾ, ഇവിടത്തെ ഓരോ വ്യക്തിയുടെയും ജീവിതം അതിജീവനത്തിന്റെ കഥയാണ്. അവരോട് സംസാരിച്ചാൽ അവരുടെ വെല്ലുവിളികളും സ്വപ്നങ്ങളും അറിയാനും കഴിയും.
അങ്ങനെ നടന്നു ചെറിയൊരു ഒരു പാലം എത്തി. അളകനന്ദ നദിയുടെ നിറം തിളങ്ങുന്ന വെള്ളത്തിന് മുകളിലൂടെ ഒരു ചെറുപാലം. പാലം കടക്കുമ്പോൾ മനസ്സിൽ ഒരു ആകാംക്ഷ: ഇതാണ് ദൂരെ നിൽക്കുന്ന ബദരിനാഥ് ധാം! ഹിമാലയ പർവതങ്ങൾക്കിടയിലൂടെ ഉയർന്ന പ്രാധാന്യമുള്ള ചരിത്രപ്രദേശത്തിന്റെ ആദ്യദൃശ്യം!

ഞാൻ ഇവിടെയെത്തുന്നതിന് മുൻപ്, ബദരിനാഥിന്റെ ചരിത്രത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചു. ഈ പ്രദേശത്തിന്റെ പഴമയും അതിന്റെ പ്രാധാന്യവും എപ്പോഴും മനംകവരുന്നതാണ്. ഓരോ കല്ലിന്റെയും ഓരോ പാതയുടെയും പിന്നിൽ ഒരു കഥയുണ്ട് എന്ന് മനസിലാക്കാൻ സാധിച്ചു.
ഇവിടത്തെ പൗരാണികത, സംസ്കാരം, സമയത്തിന് മീതെയുള്ള ഒരു ആകർഷണം എന്നെ കൂടുതൽ ആഴത്തിൽ ചിന്തിപ്പിച്ചു. ഇവിടെ എത്തുന്നതിന് മുൻപ് വായിച്ച കാര്യങ്ങൾ അനുഭവമായി മാറുമ്പോൾ, അതിന്റെ ഭംഗി പലമടങ്ങ് വർധിച്ചു.
മുൻകാലങ്ങളിൽ, തീർത്ഥാടകർ ബദരീനാഥ് ക്ഷേത്രം സന്ദർശിക്കാൻ നൂറുകണക്കിന് മൈലുകൾ നടന്നിരുന്നു. ഭൂകമ്പത്തിലും ഹിമപാതത്തിലും ക്ഷേത്രം ആവർത്തിച്ച് നശിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ, ക്ഷേത്രത്തിലെ ജീവനക്കാർ ഉപയോഗിച്ചിരുന്ന 20-ഓളം കുടിലുകൾ മാത്രമേ ഈ പട്ടണത്തിൽ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെയും, ഉത്സവങ്ങളിൽ (ഓരോ പന്ത്രണ്ട് വർഷത്തിലും) 50,000 വരെയും ഈ സ്ഥലത്തേക്ക് ആകർഷിക്കപ്പെട്ടു. 2006 സീസണിൽ 600,000 തീർഥാടകർ സന്ദർശകരായി, 1961-ൽ 90,000 ആയിരുന്നു അത്. ബദരീനാഥിലെ ക്ഷേത്രം വൈഷ്ണവരുടെ ഒരു പുണ്യ തീർത്ഥാടന കേന്ദ്രം കൂടിയാണ്. നീലകണ്ഠ പോലുള്ള പർവതങ്ങളിലേക്കുള്ള നിരവധി പർവതാരോഹണ യാത്രകളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ബദരീനാഥ്.
ബദരിനാഥിലേക്കുള്ള യാത്ര മാത്രമല്ല, ഈ പ്രദേശത്തെ ചരിത്രവും പൗരാണികതയും മനസ്സിൽ അടയാളപ്പെടുത്തും. ഹിമാലയത്തിന്റെ മടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ സ്ഥലത്തെ കുറിച്ച് താല്പര്യമുള്ള ചില രസകരമായ കാര്യങ്ങൾ ഇവിടെ പങ്കിടുകയാണ്:
മഞ്ഞിൽ മറഞ്ഞ നഗരം
ബദരിനാഥ് ഏപ്രിൽ മുതൽ നവംബർ വരെ മാത്രമേ തുറക്കൂ. മറ്റുള്ള മാസങ്ങളിൽ കടുത്ത മഞ്ഞുവീഴ്ചയും തണുപ്പും ഈ പ്രദേശത്തെ മനുഷ്യർക്കൊപ്പം തന്നെ പ്രകൃതിയെയും വിശ്രമത്തിലാക്കും. ഇത് ഒരു മാസമല്ല, ആറു മാസത്തെ മൗനം!
ബദരിനാഥിൽ എനിക്ക് ഏറ്റവും കൂടുതൽ ആകർഷണം തീർത്തത് തപ്തകുന്ദിലെ ചൂടു വെള്ളമാണ്. അളകനന്ദയുടെ തീരത്തുള്ള, ഭൂമിയുടെ അടിയിൽ നിന്നും തിളച്ചു മറിഞ്ഞ് പുറന്തുള്ളുന്ന ഈ ജലം എന്നെ വിസ്മയത്തിലാക്കി. കടുത്ത തണുപ്പ് ബാധിച്ച പ്രദേശത്ത്, മഞ്ഞുമലകളുടെ ഇടയിൽ, എങ്ങനെ ഇങ്ങനെയൊരു ചൂടുവെള്ളത്തിന്റെ ഉറവസ്രോതസ്സുണ്ടാവുമെന്ന് ആശയക്കുഴപ്പം എന്നേ അത് കൂടുതൽ പഠിക്കാനായി പ്രേരിപ്പിച്ചു. , കുറെ നേരം അങ്ങനെ അതിന്റെ ചൂട് പുറന്തുള്ളലും അതിനുചുറ്റും നടക്കുന്ന ജനപ്രവാഹവും നോക്കി നിന്നു. വായുവിൽ കൂടി ഉയരുന്ന പുകപടലങ്ങൾ കാണാൻ തന്നെ ഒരു ഭംഗിയാണ്. തപ്തകുന്ദിൽ കുളിക്കുന്ന ആളുകളെ കണ്ടപ്പോൾ മനസ്സിൽ ചൂടിനെയും തണുപ്പിനെയും ഒരുപോലെ അനുഭവിക്കാനുള്ള ഒരു ആഗ്രഹം തോന്നി. ഇത്തരം പ്രകൃതി അത്ഭുതങ്ങൾ ഹിമാലയത്തിന്റെ മറ്റൊരു മുഖമാണ്.
ബദരിനാഥിലെ തപ്തകുന്ദ് ഹിമാലയത്തിലെ വലിയൊരു വിസ്മയമാണ്. ഹിമശൈത്യത്തിനിടയിലും ചൂടുള്ള വെള്ളത്തിന്റെ ഈ സ്രോതസ്സിനെ കുറിച്ച് ഒന്ന് ചിന്തിച്ചാൽ അത്ഭുതം തോന്നും. പക്ഷേ, ഇതിന് ഒരു ശാസ്ത്രീയ വിശദീകരണം ഉണ്ട്.
എന്താണ് തപ്തകുന്ദിന്റെ രഹസ്യം?
ഹിമാലയ പ്രദേശങ്ങൾ വലിയ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുടെ ഫലമായാണ് രൂപപ്പെട്ടത്. ഇവിടെ ഭൂമിയുടെ അടിയിലുണ്ടായിരുന്നത് ഉരുകിയ ലാവയുടെ സമുച്ചയം, അതാണ് ഈ ചൂടുവെള്ളത്തിന്റെ കാരണം.
ഭൂമിയുടെ അടിയിലൂടെ പല തരം ചെറിയ പൊട്ടലുകൾ ഉണ്ടാകുന്നു, അതിലൂടെ ഭൂമിയുടെ അടിയിലെ ചൂട് മുകളിൽ എത്തുന്നു. ഈ ചൂടാണ് തപ്തകുന്ദിലെ വെള്ളം ഉരുകി ചൂടാക്കുന്നത്. ഇത് ജിയോഥർമൽ എനർജി എന്നറിയപ്പെടുന്ന പ്രകൃതിദത്ത ചൂടിന്റെ മികച്ച ഉദാഹരണമാണ്.
വെള്ളം തിളക്കുന്നുവോ? അതോ ചൂടാണോ?
തപ്തകുന്ദിലെ വെള്ളത്തിന്റെ ചൂട് സാധാരണ 45°C മുതൽ 55°C വരെയാണ്. ഇത് തിളക്കാത്തത്, മഞ്ഞു നിറഞ്ഞ ഈ പ്രദേശത്ത് പോലും ചൂട് ആസ്വദിക്കാനുള്ള സുഖകരമായ അനുഭവം നൽകുന്നു.
ചൂടുവെള്ളത്തിന്റെ സ്രോതസ്സ് ഇവിടെ സഞ്ചാരികൾക്ക് ഒരു പ്രത്യേക ആകർഷണമാണ്. ഇത് വെറും പ്രകൃതിയുടെ ഒരു അത്ഭുതം മാത്രമല്ല, ജിയോഥർമൽ എനർജിയുടെ സാധ്യതകളുടെ ഉദാഹരണമാണ്. അനേകം സ്ഥലങ്ങളിൽ ഇതുപോലെ ചൂടുവെള്ളത്തിന്റെ സ്രോതസ്സ് വൈദ്യുതോൽപാദനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു.
വാതകങ്ങൾ ഒഴുകുന്ന വെള്ളം
തപ്തകുന്ദിലെ വെള്ളത്തിൽ സൾഫർ, കൽസ്യം, തുടങ്ങിയ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ വാതകങ്ങൾ വെള്ളത്തിന്റെ ചൂട് നിലനിർത്താൻ സഹായിക്കുന്നു. ഈ സ്നാനത്തിന് ദേഹത്തിന് ചില ചികിൽസാരീതികൾ നൽകുന്നുവെന്ന് പലരും വിശ്വസിക്കുന്നു.
ബദരിനാഥിലെ ദേവന്റെ കഥയും പ്രത്യേകതകളും
ബദരിനാഥ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശ്രീ ബദരിനാരായണൻ എന്നാണ് അറിയപ്പെടുന്നത്. ബദരിനാഥിലെ ദേവൻ ശ്രീ മഹാവിഷ്ണുവിന്റെ ഒരു രൂപമാണ്. വിശ്വാസപ്രകാരം, ശീത കാലത്തെ കഠിനമായ തണുപ്പിൽ നിന്ന് സുരക്ഷിതമാക്കാൻ മഹാവിഷ്ണു ഇവിടെ തപസ്സിൽ ആഴമാക്കിയിരുന്ന സമയത്ത് പകർന്ന അന്നത്തെ കഥകളാണ് ഈ ക്ഷേത്രത്തിന്റെ പൈതൃകം.
ബദരിനാരായണന്റെ വിഗ്രഹം കറുത്ത സാളഗ്രാo ശിലയിൽ നിർമ്മിച്ചതാണ്, കൂടാതെ ശില്പകലയുടെ അത്ഭുതമെന്ന നിലയ്ക്കും പ്രശസ്തമാണ്. വിഗ്രഹം ഒരു പദ്മാസനത്തിൽ തപസ്സിനിരിക്കുന്ന ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു, അതിന് ചുറ്റും ശങ്കചക്രഗദ പദ്മം ധരിച്ചുതന്നെയാണ് പ്രതിഷ്ഠ.
ആചാരപരമായ വിശുദ്ധതയും ചരിത്രപരമായ പ്രാധാന്യവും ഒരുപോലെ പങ്കുവെയ്ക്കുന്ന ബദരിനാഥ് ക്ഷേത്രം വിനോദസഞ്ചാരികൾക്കും ചരിത്രപ്രിയർക്കും മനോഹരമായ ഒരു സ്ഥലമാണ്.
ഇത്രയും അനുഭവങ്ങളും കഥകളും പങ്കുവെച്ച്, എന്റെ ബദരിനാഥ് യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. മഞ്ഞുമലകൾ, തപ്തകുന്ദ്, ആഴത്തിലുള്ള ചരിത്രം, പ്രകൃതിയുടെ വിസ്മയങ്ങൾ എല്ലാം കൂടി മനസിൽ ഒരു ഓർമ്മയായി നിൽക്കുന്നു. ഓരോ യാത്രക്കും ജീവിതത്തിൽ ഒരു പുതിയ പാഠവും പുതിയ അനുഭവങ്ങളും കൊണ്ടുവരാൻ സാധിക്കും. ഈ യാത്രയും അതുതന്നെ എന്റെ ജീവിതത്തിലേക്ക് പകർന്നു തന്നത്.
മറ്റു യാത്രകളുടെ പ്രതീക്ഷയോടെ യാത്രക്ക് വിട പറയുകയാണ്. നന്ദി! 😊